Tuesday, September 30, 2014

പാലക്കാട്‌: ട്രെയിന്‍ യാത്രക്കിടെ ചായ കുടിച്ചു കപ്പ്‌ അലക്ഷ്യമായി പുറത്തേക്കിടുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക്‌ 200 മുതല്‍ 500 രൂപ വരെ നഷ്‌ടപ്പെട്ടേക്കാം. റെയില്‍വേ പരിസരത്തു മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കു പിഴ ചുമത്തുന്നതു ഗാന്ധിജയന്തി ദിവസം മുതല്‍ നടപ്പില്‍വരും. റെയില്‍വേ പരിസരം മാലിന്യമുക്‌തമാക്കുന്ന പദ്ധതിയുടെ ഭാഗമായാണു പുതിയ നീക്കം. റെയില്‍വേ സ്‌ഥലത്തു പുറമെനിന്നു മാലിന്യംകൊണ്ടുവന്നു തള്ളുന്നവര്‍ക്കെതിരേയും കര്‍ശന നടപടിയുണ്ടാകും.

മാലിന്യനിക്ഷേപകരെ പിടികൂടാന്‍ ട്രെയിനുകളിലും പ്ലാറ്റ്‌ഫോമുകളിലും പ്രത്യേകം ജീവനക്കാരുണ്ടാകും. ഗാന്ധിജയന്തി ദിനത്തില്‍ പാലക്കാട്‌ റെയില്‍വേ ഡിവിഷനു കീഴില്‍ 6000 ത്തിലധികം ജീവനക്കാര്‍ ശുചിത്വ പരിപാടിയില്‍ പങ്കെടുക്കുമെന്നു ഡി.ആര്‍.എം. ആനന്ദ്‌ പ്രകാശ്‌ പറഞ്ഞു. എട്ടു ജില്ലകളിലായി 89 സ്‌റ്റേഷനുകളും ട്രെയിനുകളും ട്രാക്കും മുഴുവന്‍ ഓഫീസുകളും വര്‍ക്‌ഷോപ്പും റെയില്‍വേ കോളനികളും ശുചീകരിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകിട്ട്‌ അഞ്ചു വരെയാണു ശുചിത്വപരിപാടി.

രണ്ടു മണിക്കൂര്‍ വീതമുള്ള നാലു ഷിഫ്‌റ്റുകളായി മുഴുവന്‍ റെയില്‍വേ ജീവനക്കാരുടെയും ശ്രമദാനം ഉറപ്പാക്കും. അന്നേദിവസം ശുചിത്വ പരിപാടിയുടെ ബോധവത്‌കരണത്തിന്റെ ഭാഗമായി ചെന്നൈ എഗ്മൂര്‍-മംഗലാപുരം ട്രെയിനിലെ ഒരു കോച്ച്‌ പ്രത്യേകം അലങ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തില്‍ എ.ഡി.ആര്‍.എം: മോഹന്‍ എ. മേനോന്‍, സീനിയര്‍ ഡി.സി.എം: പി.എ. ധനഞ്‌ജയന്‍, സി.എം.എസ്‌: ഡോ. കെ.സി. സാഹു, വി. രാജഗോപാലന്‍ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

About

https://www.facebook.com/mvarthakal

Like Us

വാത്തകള്‍ നേരോടെ നിങ്ങള്‍ക്ക് മുന്‍പില്‍